അബുദാബി: റഷ്യയും അമേരിക്കയും അബുദാബിയിൽ യുക്രെയ്ൻ സമാധാന പദ്ധതി ചർച്ച ചെയ്തു. യുക്രെയ്നുമായി ജനീവയിൽ ചർച്ച നടത്തിയതിനു പിന്നാലെയാണ് അമേരിക്കൻ പ്രതിനിധികൾ അബുദാബിയിൽ റഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ ആണ് അമേരിക്കയെ പ്രതിനിധീകരിച്ചത്. റഷ്യയിൽനിന്ന് ആരാണു പങ്കെടുത്തതെന്നറിയില്ല.
അമേരിക്ക മുന്നോട്ടു വച്ചിരിക്കുന്ന സമാധാനപദ്ധതി റഷ്യക്ക് അനുകൂലമാണെന്ന വിമർശനം ശക്തമാണ്. പദ്ധതി അംഗീകരിക്കാൻ യുക്രെയ്ൻ വൈമനസ്യം കാട്ടുന്നതായും റിപ്പോർട്ടുണ്ട്. ഡാൻ ഡ്രിസ്കോൾ അബുദാബിയിൽ യുക്രെയ്ൻ പ്രതിനിധികളെയും കാണുമെന്നാണു സൂചന.
റഷ്യക്ക് യുക്രെയ്ൻ ഭൂമി വിട്ടുകൊടുക്കണം എന്നതടക്കം 28 നിർദേശങ്ങളാണു പദ്ധതിയിലുള്ളത്. പദ്ധതി അംഗീകരിക്കാൻ അമേരിക്ക യുക്രെയ്നുമേൽ കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്. പദ്ധതി ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ട്രംപുമായി നേരിട്ടു കൂടിക്കാഴ്ച നടത്തുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
യുക്രെയ്നെ പിന്തുണയ്ക്കുന്ന യൂറോപ്യൻ ശക്തികൾ പദ്ധതിയിലെ പല നിർദേശങ്ങളിലും പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. യുക്രെയ്നെ അടിയറവ് പറയിച്ചുകൊണ്ടല്ല സമാധാനം സ്ഥാപിക്കേണ്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അഭിപ്രായപ്പെട്ടു. ഭൂമി വിട്ടുകൊടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അവകാശം യുക്രെയ്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണം തുടരുന്നു
ഇതിനിടെ, റഷ്യയും യുക്രെയ്നും പരസ്പരം വ്യോമാക്രമണം തുടരുകയാണ്. റഷ്യൻ ആക്രമണത്തിൽ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ആറു പേർ കൊല്ലപ്പെട്ടു. യുക്രെയ്ൻ ആക്രമണത്തിൽ റഷ്യയിലെ റോസ്തോവിൽ മൂന്നു പേരും കൊല്ലപ്പെട്ടു.